മനുഷ്യരുടെയെല്ലാം ആത്മാവ് ഒന്നാണെന്നതുപോലെ എല്ലാ വേദഗ്രന്ഥങ്ങളുടെയും ആത്മാവ് ഒന്നുതന്നെയാണ്. അതിനെയാണ് അദ്ദിക്ർ എന്നുപറയുന്നത്. വേദഗ്രന്ഥങ്ങളുടെ പരിസമാപ്തി രൂപമായ അറബി ഭാഷയിലുള്ള ഗ്രന്ഥം അതിന്റെ ശരീരവും അര്‍ത്ഥം അതിന്റെ ജീവനും ആശയം അതിന്റെ ആത്മാവുമാണ്. ഖുര്‍ആന്‍ എന്ന പദത്തിന്റെ അര്‍ത്ഥം ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടത് എന്നാണ്. എല്ലാ വേദഗ്രന്ഥങ്ങളും ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ടവയായതിനാല് അവയെല്ലാം ഖുര്‍ആന്‍ (ആവര്ത്തിച്ചുവായിക്കപ്പെടേണ്ടത്) തന്നെയാണ്. മനുഷ്യരില്‍ ആയിരത്തില്‍ ഒന്ന് മാത്രമേ ഗ്രന്ഥത്തിന്റെ ആശയത്തില്‍ ചരിക്കുന്നവരാവുകയുള്ളൂ. ആദ്യമനുഷ്യന് ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യരില്‍ ഏകസംഘം മാത്രമാണ് വിശ്വാസികളുടെ സംഘം. പ്രപഞ്ചനാഥനില്‍ നിന്നുള്ള സന്മാര്ഗ്ഗവും സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് നീട്ടിയിട്ടിട്ടുള്ള പൊട്ടിപ്പോകാത്ത പാശവുമായ അദ്ദിക്ർ മുറുകെപ്പിടിച്ച് പിശാചിന്റെ കെണിയില്‍ പെടാതെ നിലകൊള്ളുന്നവര്‍ മാത്രമാണ് വിജയം വരിക്കുന്നവരാവുക.